റബർമരത്തിൽ ചങ്ങലയിൽ ബന്ധിച്ച മൃതദേഹം മധ്യവയസ്ക്കന്റേതെന്നു തെളിഞ്ഞു
Wednesday, September 24, 2025 6:28 PM IST
പുനലൂർ: മുക്കടവ് ഭാഗത്തെ ആളൊഴിഞ്ഞ തോട്ടത്തിൽ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കാണപ്പെട്ടതു മധ്യവയസ്കന്റെ മൃതദേഹമാണെന്നു തെളിഞ്ഞു. മൃതദേഹത്തിനു പത്തു ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതായും പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചങ്ങലയിൽ ബന്ധിച്ചിരുന്ന മൃതദേഹത്തിന്റെ പൂട്ട് അറുത്താണ് ജീർണിച്ച മൃതദേഹം പുറത്തെടുത്തത്. ഇതിന്റെ താക്കോൽ കണ്ടെത്താനുള്ള പരിശോധനയും നടന്നു വരുന്നു. ഇങ്ങനെ വിരലടയാളം ശേഖരിയ്ക്കാൻ കഴിയുമോയെന്നും പോലീസ് നിരീക്ഷിയ്ക്കുന്നു.
മൃതദേഹത്തിൽ ആസിഡ് ഒഴിച്ചതായും സൂചനയുണ്ട്. അതുകൊണ്ടാകാം പ്രദേശത്ത് വലിയ ദുർഗന്ധമുണ്ടാകാതിരുന്നതെന്നും അനുമാനിക്കുന്നു. റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതു കഴിഞ്ഞ ദിവസമാണ്. ഇന്നാണ് മൃതദേഹം മധ്യവയസ്ക്കന്റേതാണെന്നു സ്ഥീരികരിച്ചത്.
മുക്കടവ് ജംഗ്ഷനിൽ ആളൊഴിഞ്ഞ ഉയരത്തിലുള്ള ഭാഗത്ത് ആളുകേറാമലയിലെ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ തോട്ടത്തിൽ അടുത്ത കാലത്തായി റബർ ടാപ്പിംഗ് നടക്കുന്നില്ല. ശങ്കരൻകോവിൽ സ്വദേശിയായ സുരേഷ് കഴിഞ്ഞ ദിവസം ഉച്ചയോടെ തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു സമീപത്തുനിന്ന് ബാഗ്, കത്രിക, കന്നാസ്, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, പുനലൂർ ഡിവൈഎസ്പി എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.