തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്
Wednesday, September 24, 2025 6:56 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്. ഡോ. സി.ജി. ജയചന്ദ്രന് സൂപ്രണ്ടായി ചുമതല നൽകി ഉത്തരവിട്ടു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനസ്തേഷ്യോളജി വിഭാഗം അസോ. പ്രഫസറാണ് ജയചന്ദ്രൻ.
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെയാണ് മാറ്റം. മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാർ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.
തുടർച്ചയായ വിവാദങ്ങൾക്കിടെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുനിൽ കുമാർ കത്ത് നൽകിയിരുന്നു. ചികിത്സാ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ മുൻ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനം വലിയ വിവാദമായിരുന്നു. 2024 മേയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്നു ഡോ. സുനിൽകുമാർ.