സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷകൾ ആരംഭിക്കുക ഫെബ്രുവരിയിൽ
Wednesday, September 24, 2025 9:33 PM IST
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക.
2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർഥികൾ ആവശ്യമെങ്കിൽ മാത്രം എഴുതിയാൽ മതിയെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുക.
പരീക്ഷ പൂർത്തിയായി പത്ത് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.