കൊലക്കേസിലെ പ്രതി, ഒളിവിൽ കഴിയുന്നതിനിടെ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു
Saturday, October 4, 2025 11:37 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഒളിവിൽ പോയ പ്രതി ഒളിവിൽ കഴിയുന്നതിനിടെ മറ്റൊരു കുട്ടിയെ കൂടി പീഡിപ്പിച്ചു കൊന്നു.
ഒക്ടോബർ ഒന്നിന് ഭിവണ്ടി പട്ടണത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി, മൃതദേഹം ഒരു ചാക്കിലാക്കി രക്ഷപെടുകയായിരുന്നു.
സംഭവദിവസം ബീഹാറിലെ മധുബാനിയിലേക്ക് രക്ഷപ്പെടാൻ തയാറെടുക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2023ൽ ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കേസിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റിൽ വിചാരണയ്ക്കായി കോടതിയിൽ കൊണ്ടുവന്നപ്പോൾ അയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
അടുത്തിടെയാണ് കൊല്ലപ്പെട്ട ഏഴു വയസുകാരിയുടെ വീടിന് സമീപം പ്രതി താമസത്തിനെത്തിയത്. പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിത, ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ലോക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.