16-ാം ധനകാര്യ കമ്മീഷൻ കാലാവധി നീട്ടി
Wednesday, October 15, 2025 2:36 AM IST
ന്യൂഡൽഹി: പതിനാറാം ധനകാര്യ കമ്മീഷന്റെ കാലാവധി കേന്ദ്രസർക്കാർ ഒരുമാസംകൂടി ദീർഘിപ്പിച്ചു. ഇതനുസരിച്ച് നവംബർ 30 നാണു കാലാവധി അവസാനിക്കുക.
2023 ഡിസംബർ 31 നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരി അധ്യക്ഷനായി കമ്മീഷൻ രൂപീകരിച്ചത്. നാല് അംഗങ്ങൾ കമ്മീഷനിലുണ്ട്. റിത്വിക് പാണ്ഡെയാണു സെക്രട്ടറി. രണ്ടു ജോയിന്റ് സെക്രട്ടറിമാരും ഒരു സാന്പത്തിക ഉപദേഷ്ടാവും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
2026 ഏപ്രിൽ ഒന്നുമുതലുള്ള അഞ്ചുവർഷത്തേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി വിഭജനം നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങളാണു കമ്മീഷൻ പ്രധാനമായും പരിശോധിച്ചത്. ഈമാസം അവസാനത്തോടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.
ധനകാര്യകമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 30 വരെ നീട്ടിയതായി ധനകാര്യമന്ത്രാലയം കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.