വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നുവീണു; ആളപായമില്ല
Wednesday, October 15, 2025 12:16 PM IST
കൊച്ചി: വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി മൂവാറ്റുപുഴയില്‍ നിര്‍മിച്ച പന്തല്‍ തകര്‍ന്നുവീണു. ബെന്നി ബെഹ്നാന് എംപി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പന്തല്‍ പൊളിഞ്ഞുവീണത്.
പന്തലിനകത്ത് കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വലിയ അപകടമാണ് ഒഴിവായതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന് എംപിയാണ് നയിക്കുന്നത്. പരിപാടി കൃത്യസമയത്ത് നടക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.