പെപ്പർ സ്പ്രേ അടിച്ചു; തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
Wednesday, October 15, 2025 4:13 PM IST
തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രെ അടിച്ചതിനെ തുടർന്ന് നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഏഴ് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഇവരെ ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടികൾക്ക് സാരമായ ശ്വാസതടസമുണ്ടെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ആർ. കൃഷ്ണവേണി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വിദ്യാർഥികളെയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികൾ പറഞ്ഞതായും ആറ് വിദ്യാർഥികളെയും നിലവിൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.