കർണാടകയിലെ യുവ ഡോക്ടറുടെ മരണം; ഭർത്താവ് അറസ്റ്റിൽ
Wednesday, October 15, 2025 5:59 PM IST
ബംഗളൂരു: കർണാടകയിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഡോ. കൃതിക റെഡ്ഡി ആണ് മരിച്ചത്.
സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 21ന് മുന്നേകൊല്ലൽ പ്രദേശത്തുള്ള വീട്ടിൽ വച്ച് ജനറൽ സർജനായ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി, ഡെർമറ്റോളജിസ്റ്റായ ഭാര്യ ഡോ. കൃതിക റെഡ്ഡിക്ക് അമിതമായി അനസ്തെറ്റിക് മരുന്ന് നൽകി എന്നാണ് ആരോപണം.
ബോധരഹിതയായ കൃതികയെ ഭർത്താവ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും കൃതിക മരിച്ചു. സംഭവത്തിൽ മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഒരു കാനുല സെറ്റ്, ഇഞ്ചക്ഷൻ ട്യൂബ്, മറ്റ് മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള പ്രധാന തെളിവുകൾ കണ്ടെടുത്തു. ഫോറൻസിക് പരിശോധനകൾക്കായി ഇവ കൈമാറിയിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃതികയുടെ അവയവങ്ങളിൽ നിന്നും ഉയർന്ന അളവിൽ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നത്.
ഇതിനിടെ തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മാറത്തഹള്ളി പോലീസ് മണിപ്പാലിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡോക്ടറായ പ്രതി, സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ വർഷം മേയ് 26 നാണ് ഇരുവരും വിവാഹിതരായത്. വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു ഇവർ.