ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനസ്ഥാപിക്കും
Friday, October 17, 2025 5:17 AM IST
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനസ്ഥാപിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽനിന്നു സ്വർണം പൂശി തിരികെയെത്തിച്ചശേഷമാണ് ഇവ പുനസ്ഥാപിക്കുന്നത്.
ഇന്നു വൈകിട്ട് തന്ത്രിയുടെ ഉൾപ്പെടെ സാന്നിധ്യത്തിലാകും ദ്വാരപാലക ശിൽപ്പങ്ങള് തിരികെ സ്ഥാപിക്കുക. മഹസറിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തും. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികളിൽ സ്വർണം പൂശിയപ്പോൾ 10 ഗ്രാം സ്വർണം അധികം പൂശിയെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്.
ഇതോടെ പാളികളിൽ ആകെ ഉപയോഗിച്ച സ്വർണത്തിന്റെ അളവ് 404.9 ഗ്രാമായി. താങ്ങുപീഠം ഉൾപ്പെടെ 38.6 കിലോയോളമാണ് ദ്വാരപാലക ശിൽപ്പങ്ങളുടെ ഭാരം.
സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണനെ അറിയിക്കാതെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സെപ്റ്റംബർ ഏഴിന് ഇവ കൈമാറിയതിൽ ഹൈക്കോടതി ഇടപെട്ടതിനെതുടർന്നാണ് 2019 ലെ സ്വർണക്കവർച്ച പുറത്തുവന്നത്. സെപ്റ്റംബർ 21ന് തിരിച്ചെത്തിച്ച പാളികൾ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.