ആസാമിലെ റെയിൽവേ ട്രാക്കിൽ സ്ഫോടനം; ട്രാക്കുകൾ തകർന്നു
Thursday, October 23, 2025 10:58 AM IST
ദിസ്പുർ: ആസാമിലെ കൊക്രജാർ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. കൊക്രജാർ റെയിൽവേ സ്റ്റേഷന് കിഴക്ക് അഞ്ചു കിലോമീറ്റർ മാറിയാണ് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചത്.
കൊക്രജാർ, സലാകാത്തി സ്റ്റേഷനുകൾക്കിടയിൽ അർധരാത്രി ഒന്നോടെയാണ് സംഭവം. സ്ഫോടനം നടന്ന സമയം ഗുഡ്സ് ട്രെയിൻ കടന്നു പോവുകയായിരുന്നതിനാൽ ആളപായം ഒഴിവായി.
"വലിയൊരു കുലുക്കമുണ്ടായതിനു പിന്നാലെ ട്രെയിൻ നിന്നുവെന്ന് ട്രെയിൻ മാനേജർ അറിയിച്ചു. പരിശോധിച്ചപ്പോൾ ട്രാക്കുകൾ തകർന്നതായി കണ്ടെത്തി. ബോംബ് സ്ഫോടനം ആണെന്നാണ് കരുതുന്നത്'. – നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിരവധി ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാന പോലീസും ആർപിഎഫും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.
പുലർച്ചെ 5.25ന് ട്രാക്ക് പൂർവസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.