ഇടപെടാനില്ലെന്ന് രാജ; സിപിഐ പ്രായപരിധി തർക്കം തുടരാൻ സാധ്യത
Friday, September 30, 2022 4:55 PM IST
തിരുവനന്തപുരം: സിപിഐ നേതൃപദവിയിലേക്കുള്ള പ്രായപരിധി തർക്കം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കി പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ. വിഭാഗീയതയും തർക്കങ്ങളും പ്രാദേശികവിഷയങ്ങളാണെന്നും ഇതിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കിയ രാജ, പ്രായപരിധി മാർഗനിർദേശം മാത്രമാണെന്ന് അറിയിച്ചു.
പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിനായി തിരുവനന്തപുരത്ത് എത്തിയ വേളയിലാണ് രാജയുടെ പ്രതികരണം. വിഷയം സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും അദേഹം വ്യക്തമാക്കി.
സംസ്ഥാന സമിതികളിൽ 75 വയസെന്ന പ്രായപരിധി നടപ്പിലാക്കാനാണ് കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. എന്നാൽ പ്രായപരിധി കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കരുതെന്നാണ് കെ.ഇ. ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെടുന്നത്. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി. ദിവാകരനും കെ.ഇ. ഇസ്മയിലിനും സംസ്ഥാന സമിതികളില്‍ നിന്ന് പുറത്ത് പോകേണ്ടി വരും.
ഭിന്നത രൂക്ഷമായതോടെ നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് ഇസ്മയിലും ദിവാകരനും വിട്ടുനിന്നിരുന്നു. വിഭാഗീയത മൂലം പാർട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പുത്തരിക്കണ്ടത്തെ സമ്മേളനവേദിയിൽ തിങ്കളാഴ്ചയാണ് സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കുക. നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.