ഇറാനിലെ ജയിലിൽ വെടിയൊച്ചയും പുകയും; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Sunday, October 16, 2022 10:40 AM IST
ടെഹ്റെൻ: രാഷ്ട്രീയ തടവുകാരെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുറ്റവാളികളെയും പാർപ്പിച്ചിരിക്കുന്ന ഇറാനിലെ ടെഹ്റാനിലുള്ള എവിൻ ജയിലിൽ നിന്ന് പുകയും വെടിയൊച്ചയും. ഇറാനിലെ ഓൺലൈൻ മാധ്യമങ്ങളിലാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
അമിതമായ ശബ്ദത്തിൽ അലാറം മുഴങ്ങുന്നതിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം. കൂടാതെ സൈനികർ ജയിലിലേക്ക് മോട്ടോർ സൈക്കിളിൽ പോകുന്നതും വീഡിയോയിൽ കാണാം.
ജയിലിന് മുന്നിൽ ആംബുലൻസും പാർക്ക് ചെയ്തിട്ടുണ്ട്. തടവുകാരുടെ കുടുംബങ്ങൾ എവിൻ ജയിലിന്റെ മുന്നിൽ തടിച്ചുകൂടിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധപ്പെട്ടയാൾ പ്രതികരിച്ചു.
എന്നാൽ, സംഭവത്തെ കുറിച്ച് ഇറാനിലെ ഉദ്യോഗസ്ഥരൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. തടവുകാരുടെ അവകാശലംഘനങ്ങളുടെ പേരിൽ വളരെയധികം കുപ്രസിദ്ധി ആർജിച്ചിട്ടുള്ള ജയിലാണ് എവിൻ ജയിൽ. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ 2018 ൽ യുഎസ് സർക്കാർ ജയിലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.