ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രമേയവുമായി തമിഴ്നാട്
Tuesday, October 18, 2022 5:05 PM IST
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഹിന്ദി നിർബന്ധമാക്കൽ നയത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ.
രാജ്യത്തെ പൗരന്മാരെ ഹിന്ദി പ്രാഗൽഭ്യം അളവുകോലായി ഉപയോഗിച്ച് മൂന്നായി തരംതിരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പ്രമേയത്തിന്മേലുള്ള ചർച്ചക്കിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തമിഴരെ മൂന്നാം കിട പൗരന്മാരാക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
"കേന്ദ്രത്തിന്റെ നിലപാട് തമിഴ്നാട് സഭയിൽ സി.എൻ. അണ്ണാദുരൈ പാസാക്കിയ ദ്വിഭാഷാനയത്തിന് എതിരാണ്; അത് ജവഹർലാൽ നെഹ്റു ഉറപ്പ് നൽകിയ ഭാഷ വൈവിധ്യ നയത്തെ അട്ടിമറിക്കുന്നതുമാണ്. ഇംഗ്ലീഷ് പൊതുഭാഷയായി ഉപയോഗിക്കണമെന്ന 1976-ലെ തീരുമാനത്തെ കവച്ചുവയ്ക്കുന്നതാണ് ഹിന്ദി അടിച്ചേൽപ്പിക്കൽ'- സ്റ്റാലിൻ വ്യക്തമാക്കി.