കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കി
Thursday, November 10, 2022 7:20 PM IST
തിരുവനന്തപുരം: കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സാംസ്കാരിക വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്.
2006 മുതൽ സംസ്ഥാന ഗവർണറായിരുന്നു കലാമണ്ഡലത്തിന്റെ ചാൻസലർ. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവർണറെ കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽനിന്നു നീക്കിയത്.
കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസ് ആരിഫ് മുഹമ്മദ് ഖാൻ മടക്കിയാൽ നിയമസഭയിൽ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിരുന്നു.