ബിജെപിയിൽ ചേർന്ന ജെഡിഎസ് നേതാവ് കൊല്ലപ്പെട്ട നിലയിൽ
Wednesday, November 16, 2022 5:52 PM IST
ബംഗളൂരു: കർണാടകയിൽ ബിജെപിയിൽ ചേർന്ന ജനതാദൾ (എസ്) നേതാവ് കൊല്ലപ്പെട്ട നിലയിൽ. മുൻ ജെഡിഎസ് നേതാവ് മല്ലികാർജുൻ മുത്യാലിനെയാണ് (64) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഷോപ്പിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കടയിൽനിന്നും പണവും നഷ്ടപ്പെട്ടിരുന്നു.
കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത ഒരു പരിപാടിയിൽ മുത്യാൽ പങ്കെടുത്തിരുന്നു. കൽബുർഗി ജില്ലയിൽനിന്നുള്ള മുത്യാൽ ഏതാനും ദിവസം മുൻപാണ് ബിജെപിയിൽ ചേർന്നത്.
മുൻപ് മുത്യാലിന്റെ കടയിൽ മോഷണം നടന്നിരുന്നു. ഇതിനുശേഷം മുത്യാൽ കടയിൽ കിടന്നുറങ്ങാറുണ്ടായിരുന്നെന്ന് മകൻ വെങ്കിടേഷ് പറഞ്ഞു. ഇത് മോഷണമാകാമെന്നാണ് സംശയം. അവർ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി പണം തട്ടിയെടുക്കുകയും കടയിലുണ്ടായിരുന്ന ഏതാനും രേഖകൾ നശിപ്പിക്കുകയും ചെയ്തതായി വെങ്കിടേഷ് കൂട്ടിച്ചേർത്തു.