ലവൻ മാജിക്; കളിച്ചത് സൗദി, ജയിച്ചത് പോളണ്ട്
Saturday, November 26, 2022 9:18 PM IST
ദോഹ: അർജന്റീയെ വിറപ്പിച്ച സൗദി അറേബ്യ പോളണ്ടിനു മുന്നിൽ വീണു. സൗദിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോളണ്ട് പരാജയപ്പെടുത്തി. 39 ാം മിനിറ്റിൽ സിലിൻസ്കിയും 82 ാം മിനിറ്റിൽ ലവൻഡോസ്കിയും പോളണ്ടിനായി വലകുലുക്കി.
ഗോളും അസിസ്റ്റുമായി തിളങ്ങിയ സൂപ്പർ താരം ലവൻഡോസ്കിയാണ് പോളണ്ടിന്റെ വിജയ ശിൽപ്പി. 39 ാം മിനിറ്റിൽ സൗദിയുടെ ഹൈ ഡിഫൻസിനെ പൊളിച്ചടുക്കി പോളണ്ട് ലീഡ് എടുത്തു. വരയ്ക്കു വെളിയിലേക്കുപോയ പന്തിനെ ലവൻഡോസ്കി പിന്നിലേക്ക് മറിച്ചുനൽകി. ബോക്സിൽ കാത്തുനിന്ന നാപ്പോളി താരം സിലിൻസ്കിയുടെ സൂപ്പർ ഫിനീഷ്.
സൗദി ഗോളി മുഹമ്മദ് അലോവെയ്സ് കാഴ്ചക്കാരനായി. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സൗദി പ്രതിരോധത്തിലെ പിഴവ് പോളണ്ടിന് സമ്മാനിച്ചത് രണ്ടു ഗോൾ ലീഡ്. സമനിലയ്ക്കായി സൗദി പോളണ്ട് ബോക്സിൽ നിരന്തരം റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ട്വിസ്റ്റ്. അബ്ദുള്ള അൽമാൽകിയുടെ കാലിൽനിന്നും വഴുതിയ പന്ത് പിടിച്ചെടുത്ത ലവൻഡോക്സി ഗോളിലേക്ക് ഉന്നംവച്ചു. ബാഴ്സലോണ താരത്തിന് പിഴച്ചില്ല.
സൗദിക്ക് കളിയിലേക്ക് തിരിച്ചുവരാൻ അവസരം ലഭിച്ചിരുന്നെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയിൽ അൽഷെഹ്രിയെ ബോക്സിൽ ക്രിസ്റ്റ്യൻ ബെലിക് ഫൗൾ ചെയ്തു വീഴ്ത്തിയതിനു പെനാൽറ്റി വിധിച്ചു. സലീം അൽദസാരിയെടുത്ത കിക്ക് പോളിഷ് ഗോൾ കീപ്പർ വോയ്ചെഹ് ഷാറ്റ്സ്നി തട്ടിയകറ്റി. റീബൗണ്ട് മുഹമ്മദ് അൽബുറായക് ഗോളിലേക്ക് തൊടുത്തെങ്കിലും അസാമാന്യ മെയ്വഴക്കത്തോടെ ചാടി എഴുന്നേറ്റ ഷാറ്റ്സ്നി വീണ്ടും പന്തിനെ തട്ടിത്തെറിപ്പിച്ചു. സൗദി ആരാധകർ തലയിൽ കൈവച്ചുപോയ നിമിഷം.
കളിയിൽ 64 ശതമാനവും പന്ത് അവകാശം സൗദിക്കായിരുന്നു. ഗോളിലേക്ക് 16 ഷോട്ടുകളാണ് സൗദി തൊടുത്തത്. അർജന്റീനയെ വിറപ്പിച്ച വീറുമായി കളത്തിലെത്തി പറന്നുകളിച്ചെങ്കിലും ഇക്കുറി ഭാഗ്യം സൗദിയെ തുണച്ചില്ല.