ആദിവാസി യുവാവിനെതിരായ കള്ളക്കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളാകും
Tuesday, December 6, 2022 9:10 AM IST
ഇടുക്കി: ആദിവാസി യുവാവിനെതിരെ വ്യാജ കേസ് ചമച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉപ്പുതറ സ്വദേശി സരുൺ സജിയെ കാട്ടിറച്ചി കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് കസ്റ്റഡിയിലെടുത്ത് മർദിച്ചവർക്കെതിരെയാണ് നടപടി.
കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.സി. ലെനിൻ, എൻ. ആർ. ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ. മോഹനൻ, കെ.ടി. ജയകുമാർ എന്നിവരടക്കം 13 പേർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സെപ്റ്റംബർ 20-നാണ് ഓട്ടോറിക്ഷയിൽ കാട്ടിറിച്ചി കടത്തിയെന്ന കേസിൽ സരുണിനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഗോത്രവർഗ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും തുടർനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകുകയുമായിരുന്നു.