വിഴിഞ്ഞം: സർക്കാർ നൽകിയ ഉറപ്പുകൾ
Tuesday, December 6, 2022 9:31 PM IST
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ചർച്ചയിൽ സമരസമിതിക്ക് സർക്കാർ നൽകിയ ഉറപ്പുകൾ.
വാടക വീടുകളിൽ കഴിയുന്നവർക്ക് രണ്ടുമാസത്തെ വാടക സർക്കാർ മുൻകൂർ നൽകാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പു നൽകി. വീടു നഷ്ടപ്പെട്ടതിനെ തുടർന്നു സിമന്റ് ഗോഡൗണിൽ അടക്കം കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയിൽ ഫ്ളാറ്റുകൾ നിർമിച്ചു നൽകുമെന്നും ചർച്ചയിൽ അറിയിച്ചു. മതിയായ സംവിധാനങ്ങളുള്ള ഫ്ളാറ്റുകളാകണം നൽകേണ്ടതെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ 635 ചതുരശ്ര അടിയിലുള്ള ഫ്ളാറ്റുകളാകും നിർമിച്ചു നൽകുകയെന്നാണു സർക്കാർ പറയുന്നത്.
ഫ്ളാറ്റുകളിൽ മതിയായ സംവിധാനങ്ങൾ ഒരുക്കും. ഒന്നര വർഷത്തിനകം ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയാക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്കു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സംവിധാനം ഒരുക്കും.
തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതി, വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തിയാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. സമിതിയുടെ നിർദേശങ്ങളിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നിരീക്ഷണം നടത്തും. വിദഗ്ധ സമിതിയിൽ സമര സമിതി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ നേരത്തെ മന്ത്രിസഭ നിശ്ചയിച്ച വിദഗ്ധ സമിതിയാണെന്ന അഭിപ്രായമാണു സർക്കാർ ഉയർത്തിയത്.
ഇക്കാര്യത്തിൽ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കും. തീരശോഷണം പഠിക്കാൻ സമര സമിതി വിദഗ്ധ സമിതിയെ നിയോഗിക്കും. കപ്പൽ ചാൽ വരുന്നതു മൂലം എത്രപേർക്കു തൊഴിൽ നഷ്ടമാകുമെന്ന കാര്യത്തിൽ പഠനം നടത്തും. കോവളം, ശംഖുംമുഖം എന്നിവിടങ്ങളിലുണ്ടായ തീരശോഷണം അടക്കം പഠിക്കും.