വൈ.എസ്. ശർമിളയെ നിർബന്ധപൂർവം ആശുപത്രിയിൽ പ്രവേശിപ്പിച്ച് പോലീസ്
Sunday, December 11, 2022 2:40 PM IST
ഹൈദരാബാദ്: തെലുങ്കാന രാഷ്ട്ര സമിതി സർക്കാരിനെതിരെ ഹൈദരാബാദിൽ നിരാഹാര സമരം നടത്തിയ വൈ.എസ്. ശർമിളയെ പോലീസ് നിർബന്ധപൂർവം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സമരവേദിയിൽ നിന്ന് വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവായ ശർമിളയെ പോലീസ് നീക്കം ചെയ്തത്.
സമരത്തെത്തുടർന്ന് ശർമിളയുടെ ആരോഗ്യനില മോശമായെന്നും നിർജ്ജലീകരണം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശർമിളയുടെ ചിത്രവും പോലീസ് പുറത്ത് വിട്ടു.
പുതിയ പാർട്ടിയുമായി സംസ്ഥാനത്ത് ചുവട് ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശർമിള നടത്തിയ പദയാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യാത്ര തുടരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തിയ വേളയിലാണ് പോലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച സർക്കാരിനെതിരെ സമരം നടത്താൻ തലസ്ഥാനത്തെത്തിയ ശർമിള കാറിനുള്ളിൽ ഇരിക്കെ, പോലീസ് ഇംപൗണ്ട് വാൻ ഉപയോഗിച്ച് വാഹനം കെട്ടിവലിച്ച് കൊണ്ട് പോയത് വിവാദമായിരുന്നു.