മോശം കാലാവസ്ഥ; അമിത് ഷായുടെ വിമാനം ഗോഹട്ടിയിൽ അടിയന്തരമായി ഇറക്കി
Thursday, January 5, 2023 2:03 AM IST
ഗോഹട്ടി: മോശം കാലാവസ്ഥയെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം ബുധനാഴ്ച രാത്രി ഗോഹട്ടിയിൽ അടിയന്തരമായി ഇറക്കി. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
ബുധനാഴ്ച രാത്രി 10:45 ഓടെയായിരുന്നു സംഭവം. അഗർത്തലയിലേക്ക് പോവുകയായിരുന്ന ആഭ്യന്തരമന്ത്രിക്ക് കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര തുടരാനായില്ല. ബുധനാഴ്ച രാത്രി തന്നെ അഗർത്തലയിലെത്തേണ്ടതായിരുന്നു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്യാൻ പോകുന്നവഴിയായിരുന്നു. ഗോഹട്ടിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ അമിതാ ഷാ രാത്രി ചെലവഴിക്കും. വ്യാഴാഴ്ച രാവിലെ അഗർത്തലയിലേക്ക് പോകും.