മഞ്ചേശ്വരം കോഴക്കേസിന് പിന്നിൽ പിണറായി വിജയൻ: കെ.സുരേന്ദ്രൻ
Friday, January 13, 2023 5:56 PM IST
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കാസർഗോഡ് ബിജെപി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചതാണ്. പിണറായി വിജയനാണ് ഇതിന് പിന്നിൽ. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും കേസിൽ താൻ അപ്പീലിന് പോയാൽ ഇവർ നിരാശരാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞദിവസം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയത്.