ഹോക്കി ലോകകപ്പ്: വിജയിച്ച് തുടങ്ങി ഇന്ത്യ
Friday, January 13, 2023 10:14 PM IST
റൗർക്കേല: ബിർസ മുണ്ട സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡി മത്സരത്തിൽ കരുത്തരായ സ്പെയിനിനെ 2 -0 എന്ന സ്കോറിനാണ് ഇന്ത്യ വീഴത്തിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ 200-ാം ഗോൾ നേടി ഇന്ത്യയാണ് പോരാട്ടത്തിന്റെ വീര്യം ഉയർത്തിയത്. ഹാർദിക് സിംഗിന്റെ പെനൽറ്റി ഫ്ലിക് ഹർമൻപ്രീത് സിംഗ് ഡ്രാഗ് ചെയ്തെങ്കിലും സ്പാനിഷ് ഗോളി തടുത്തു. റീബൗണ്ട് പിടിച്ചെടുത്ത അമിത് രോഹിദാസ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് നിക്ഷേപിച്ചതോടെ ഇന്ത്യ ലീഡെടുത്തു.
തൊട്ടടുത്ത മിനിറ്റിൽ ലഭിച്ച പെനൽറ്റി പാഴായെങ്കിലും 26-ാം മിനിറ്റിൽ ഇന്ത്യ ലീഡുയർത്തി. ഇടത് പാർശ്വത്തിലൂടെ കുതിച്ചെത്തിയ ഹാർദിക് നൽകിയ പാസ് ഡി ഏരിയയ്ക്കുള്ളിൽ നിന്ന് കൊണ്ട് ലളിത് ഷൂട്ട് ചെയ്തു. സ്പാനിഷ് പ്രതിരോധ താരം പൗ കുനില്ലിന്റെ സ്റ്റിക്കിൽ തട്ടിത്തെറിച്ച പന്ത് വലയിൽ കയറിയതോടെ ഇന്ത്യ ലീഡ് വർധിപ്പിച്ചു.
മൂന്നാം ഗോൾ നേടാൻ പെനൽറ്റി സ്ട്രോക്ക് എന്ന അസുലഭാവസരം ഇന്ത്യക്ക് ലഭിച്ചെങ്കിലും സ്പാനിഷ് ഗോളി റാഫി തടസമായി നിന്നു. ഇടത് മൂലയിലേക്ക് ഹർമൻപ്രീത് തൊടുത്ത ഷോട്ട് ഗോളി തടഞ്ഞ് നിർത്തുകയായിരുന്നു.
ഗോൾ സ്വന്തമാക്കാൻ തുടർന്നും നിരവധി അവസരങ്ങൾ ടീമുകൾക്ക് ലഭിച്ചെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. 1975-ന് ശേഷം ആദ്യമായി ലോക കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ സ്പെയിനെതിരായ ജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാമതാണ്. ഗോൾ വ്യത്യാസക്കണക്കിൽ മുന്നിട്ട് നിൽക്കുന്ന ഇംഗ്ലണ്ടാണ് സമാന പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാമത്.