അടൂരിനെ ജാതിവാദി എന്നൊക്കെ വിളിക്കുന്നത് ഭോഷ്ക്: എം.എ. ബേബി
അടൂരിനെ ജാതിവാദി എന്നൊക്കെ വിളിക്കുന്നത് ഭോഷ്ക്: എം.എ. ബേബി
Tuesday, January 17, 2023 12:40 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്കാണെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ കുറച്ചു വിദ്യാർഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണ്. ദൃശ്യമാധ്യമങ്ങളിൽ വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നൽകേണ്ടുന്ന ഒരു സ്ഥാപനമാണ് കെആർഎൻഐവിഎസ്എ.

പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ യൂണിയൻ സർക്കാരിന്‍റെ വർഗീയ രാഷ്ട്രീയത്താൽ തകർക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്‍റെ നിലനില്പും വളർച്ചയും രാഷ്ട്രീയപ്രാധാന്യവും നേടുന്നു. ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആണ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അധ്യക്ഷൻ. മഹാനായ ചലച്ചിത്രകാരൻ എന്നത് കൂടാതെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അധ്യക്ഷതയടക്കമുള്ള ചുമതലകൾ വഹിച്ചിട്ടുള്ള സ്ഥാപനനായകനുമാണ് അദ്ദേഹം.

അടൂർ പറയുന്ന വാക്കുകൾ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവർത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ അവർ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങൾ ഒന്നുകൂടെ പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളു. തന്‍റെ ജീവിതചുറ്റുപാടുകൾക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം.

അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്കാണ്. മലയാളസിനിമയിൽ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയിൽ നിന്ന് അടൂർ തന്‍റെ അമ്പത് വർഷത്തെ ചലച്ചിത്രജീവിതത്തിൽ മാറിനിന്നു. തന്‍റെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.

ഇന്നത്തെ ഇന്ത്യയിലെ മനുവാദ - അർധ ഫാഷിസ്റ്റ് സർക്കാരിനെതിരെ നിരന്തരം ഉയർന്ന ശബ്ദങ്ങളിൽ ഒന്ന് അടൂരിന്‍റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടുമാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നു. വർഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു.

സ്വയംവരം നിർമിച്ചതിന്‍റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്‍റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവർപ്പിക്കേണ്ടതാണ്. ഓരോ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്‍റെ മതേതര രാഷ്ട്രീയവുമാണ് അടൂരെന്നും അദ്ദേഹം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<