അഖിലേഷ് യാദവ് എസ്പി അധ്യക്ഷൻ, ശിവ്പാൽ യാദവ് ജനറൽ സെക്രട്ടറി
Monday, January 30, 2023 3:59 AM IST
ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷനായി അഖിലേഷ് യാദവിനെയും ജനറൽ സെക്രട്ടറിയായി ശിവ്പാൽ യാദവിനെയും ദേശീയ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. സ്വാമി പ്രസാദ് മൗര്യ, മുതിർന്ന നേതാവ് അസം ഖാൻ എന്നിവർ 14 ജനറൽ സെക്രട്ടറിമാരിൽ ഉൾപ്പെടുന്നു.
മുലായം സിംഗ് യാദവിന്റെ ഇളയ സഹോദരനായ ശിവ്പാൽ യാദവ് 2016ൽ പാർട്ടിവിട്ടിരുന്നു. അന്ന് അദ്ദേഹം എസ്പി യുപി ഘടകം അധ്യക്ഷനായിരുന്നു. 2018ൽ ശിവ്പാൽ യാദവ് പ്രഗതിശീൽ സമാദ്വാദി പാർട്ടി(ലോഹ്യ) എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. മുലായത്തിന്റെ നിര്യാണത്തെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ നടന്ന മയിൻപുരി ലോക്സഭാ ഉപതെരഞ്ഞെടുപ്പോടെ ശിവ്പാൽ യാദവ് അഖിലേഷുമായി രമ്യതയിലായി. ഇദ്ദേഹത്തിനു പാർട്ടിയിൽ അർഹമായ സ്ഥാനം നല്കുമെന്നു സൂചനയുണ്ടായിരുന്നു.
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗമായിരുന്ന സ്വാമി പ്രസാദ് മൗര്യ 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണു ബിജെപി വിട്ട് എസ്പിയിലെത്തിയത്. എന്നാൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മൗര്യ പരാജയപ്പെട്ടു. ഈയിടെ രാമചരിതമാനസത്തിനെതിരേ സ്വാമി പ്രസാദ് നടത്തിയ പരാമർശം വിവാദമുയർത്തിയിരുന്നു. മൗര്യയെ എസ്പി ജനറൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ ബിജെപി, കോൺഗ്രസ് പാർട്ടികൾ വിമർശനമുയർത്തി.
രാം ഗോപാൽ യാദവ് ആണ് എസ്പി ദേശീയ പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി. കിരൺമയ് നന്ദയെ പാർട്ടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മലയാളിയായ ജെ. ആന്റണി എസ്പി ജനറൽ സെക്രട്ടറിയായി നിയമിതനായി. 20 പേരെ ദേശീയ സെക്രട്ടറിമാരായി നിയമിച്ചു. ജയ ബച്ചൻ ഉൾപ്പെടെ 63 അംഗങ്ങളാണു ദേശീയ എക്സിക്യൂട്ടീവിൽ ഉള്ളത്.