ഇന്ദിരയുടെയും രാജീവിന്റേതും അപകടമരണങ്ങൾ; രക്തസാക്ഷിത്വമല്ലെന്ന് ഉത്തരാഖണ്ഡ് മന്ത്രി
Wednesday, February 1, 2023 12:41 AM IST
ഡെറാഡൂൺ: മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തിൽ വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
"രാഹുൽ ഗാന്ധിയുടെ ബുദ്ധിശക്തിയിൽ എനിക്ക് സഹതാപം തോനുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിൽ ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്തസാക്ഷികളായതായി കാണാം. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്.' ഗണേഷ് ജോഷി പറഞ്ഞു.
ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചേ സംസാരിക്കാൻ സാധിക്കൂവെന്നും ജോഷി പറഞ്ഞു.
കാഷ്മീരിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം സുഗമമായി നടന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കൃഷി, കർഷക ക്ഷേമം, ഗ്രാമവികസനം, സൈനിക് കല്യാൺ വകുപ്പ് മന്ത്രിയാണ് ഗണേഷ് ജോഷി.