കൂട്ട ആത്മഹത്യശ്രമം: ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു
Thursday, February 2, 2023 11:24 AM IST
തൊടുപുഴ: കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി. ഭാര്യ മരിച്ചതിനു പിന്നാലെയാണ് ഇദ്ദേഹവും ബുധനാഴ്ച രാത്രിയോടെ മരിച്ചത്.
തൊടുപുഴ മണക്കാട് ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല് ആന്റണി (62)ആണ് ഇന്നലെ രാത്രി പത്തോടെ മരിച്ചത്. ഇയാളുടെ ഭാര്യ ജെസി (56) ചൊവ്വാഴ്ച മരിച്ചിരുന്നു. ഇവരുടെ മകള്‍ സില്‍ന (20) വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കട ബാധ്യതയെത്തുടര്‍ന്ന് കുടുംബത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊടുപുഴ നഗരത്തില്‍ ബേക്കറി നടത്തുകയായിരുന്ന ആന്റണി പലരില്‍നിന്നായി പണം കടം വാങ്ങിയിരുന്നു. വീടിന്റെയും കടയുടെയും വാടകയും കുടിശികയാണ്. പണം കിട്ടാനുള്ളവര്‍ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയില്‍ കണ്ടെത്തിയത്.
ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലിലായിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് താമസം മാറിയത്. ആന്റണിയുടെ മൂത്ത മകന് സിബിന് മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. ആന്റണിയുടെ സംസ്കാരം ഇന്ന് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.