ബൈബിള്‍ കത്തിച്ച സംഭവം: ശിക്ഷ ഉറപ്പാക്കണമെന്ന് കെസിബിസി
Thursday, February 2, 2023 3:09 PM IST
കൊച്ചി: ബൈബിൾ കത്തിച്ച് നവമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റവാളിക്ക് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണമെന്ന് കെസിബിസി.
സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബൈബിൾ കത്തിച്ചയാളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി സ്വാഗതാർഹമാണെന്നും കെസിബിസി വ്യക്തമാക്കി.
ലോകത്ത് ഒരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിന് വിധേയമാക്കപ്പെടരുത് എന്നതാണ് ക്രൈസ്തവ നിലപാട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അതാതു രാജ്യത്തെ പൗരന്മാരുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്വവുമാണെന്നും കെസിബിസി ഓർമിപ്പിച്ചു.
ഇത്രയും ഗൗരവമായ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടും വിവിധ രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കെസിബിസി വ്യക്തമാക്കി.