നായക്കുട്ടിയെ തിരികെക്കിട്ടി; കുട്ടികളോട് ബാഷിത് ക്ഷമിച്ചു
Thursday, February 2, 2023 9:51 PM IST
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസിനില്ലെന്ന് കടയുടമ. നായക്കുട്ടിയെ തിരികെ ലഭിച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബാഷിത് കോടതിയെ അറിയിച്ചു.
കേസില്‍ കര്‍ണ്ണാടക സ്വദേശികളായ എഞ്ചിനീയറിംഗ് വിദ്യാർഥികളെ ഉഡുപ്പിയിലെ കര്‍ക്കാലയില്‍ നിന്നും ഇന്നലെയാണ് കൊച്ചി പോലീസ് പിടികൂടിയത്. പ്രതികളായ നിഖിലിനെയും ശ്രേയയേയും കോടതിയിൽ ഹാജരാക്കി. കേസിന് താൽപര്യമില്ലെന്ന് ബാഷിത് അറിയിച്ചതോടെ ഇരുവരെയും വിട്ടയച്ചു. ഇവർ പട്ടിക്കുട്ടിയെ ഹെല്‍മറ്റിലൊളിപ്പിച്ച് ബൈക്കില്‍ ഉഡുപ്പി കര്‍ക്കാലയിലെക്കാണ് കടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് പ്രതികൾ നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവര്‍ പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടത്. എന്നാല്‍ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടര്‍ന്ന് കടയില്‍ നിന്ന് പോകുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് ബാഷിതിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.