അശാസ്ത്രീയ നികുതി വർധനവ്; സർക്കാരിനെതിരേ പ്രതിപക്ഷ നേതാവ്
Friday, February 3, 2023 12:03 PM IST
തിരുവനന്തപുരം: ബജറ്റിലൂടെ അശാസ്ത്രീയ നികുതി വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സാധാരണക്കാരെ പരിഗണിക്കാതുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
വിലക്കയറ്റം രൂക്ഷമായിരിക്കുന്ന കാലത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. എണ്ണവില കുതിച്ചുയർന്ന കാലത്ത് കേന്ദ്ര സർക്കാരിനെതിരേ സമരം ചെയ്തവരാണ് ഇത്തരം കൊള്ള നടത്തുന്നത്.
247 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവിൽ മദ്യത്തിന് ഉപഭോക്താക്കൾ നൽകുന്നത്. ഇത് വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ച നടപടി മയക്കുമരുന്ന് ഉപയോഗം വർധിപ്പിക്കാൻ ഇടയാക്കും. യാതൊരു പഠനവും നടത്താതെയാണ് സർക്കാർ എല്ലാ ബജറ്റിലും മദ്യത്തിന് നികുതി വർധിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുൻ ബജറ്റിൽ പ്രഖ്യാപിച്ച ഇടുക്കി, കുട്ടനാട്, തീരദേശ പാക്കേജുകൾ ഏത് സ്ഥിതിയിലാണെന്നും സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായിരികുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുമ്പോൾ വിപണി ഇടപെടലിന് തുക വർധിപ്പിക്കാൻ സർക്കാർ തയാറായില്ല. ഇന്ധന സെസ് കൂടി വരുന്നതോടെ സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്നും വി.ഡി.സതീശൻ ഓർമിപ്പിച്ചു.