ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: എഫ്ഐആര്‍ റദ്ദാക്കണം, സൈബി ഹൈക്കോടതിയിൽ
Saturday, February 4, 2023 3:15 PM IST
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ എഫ്ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം.
സംസ്ഥാന പോലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഡിജിപി അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബിക്കെതിരെ കേസെടുത്തത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സൈബി ജോസ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എഫ്ഐആര്‍ വിജിലന്‍സ് കോടതിക്ക് കൈമാറിയിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായി ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.