മധ്യപ്രദേശിൽ ദളിത് വയോധികയെ കെട്ടിയിട്ട് മർദിച്ചു
Sunday, February 5, 2023 5:26 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ദളിത് വയോധികയെ ഒരുസംഘമാളുകൾ കെട്ടിയിട്ട് മർദിച്ചു. ഖാർഖോൺ ജില്ലയിലെ ഹിരാപുർ ഗ്രാമത്തിലാണ് സംഭവം.
മർദനത്തിന് പുറമെ ഇവർ ജാതീയമായി അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും വയോധിക ആരോപിക്കുന്നു. വീട്ടിൽ വയോധിക ഒറ്റയ്ക്കാണ് താമസം. മകൻ ഇൻഡോറിൽ കൂലിപ്പണിക്കാരനാണ്.
വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ഗണേഷ് എന്ന അയൽവാസിയാണ് വയോധികയോട് വഴക്ക് ആരംഭിച്ചത്. ഇവർ ചോദ്യം ചെയ്തപ്പോൾ ഗണേഷിന്റെ ഭാര്യയും അമ്മയും സ്ഥലത്തെത്തി ഇവരെ വീട്ടിൽ നിന്നും വലിച്ചിഴച്ച് പുറത്തിട്ടു.
തുടർന്ന് കൈകൾ കെട്ടിയിട്ടതിന് ശേഷം വയോധികയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗണേഷ് നേരത്തെ തന്നെ പലതവണ അസഭ്യം പറഞ്ഞിട്ടുണ്ടെന്ന് ഇവർ പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ താൻ ഗ്രാമത്തിൽ തനിച്ച് താമസിക്കുന്നത് അയാൾക്ക് ഇഷ്ടമല്ലെന്നും ഇവർ ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.