മംഗളൂരുവിലെ നഴ്സിംഗ് കോളജിൽ ഭക്ഷ്യവിഷബാധ: മലയാളി വിദ്യാർഥികളടക്കം ആശുപത്രിയിൽ
Tuesday, February 7, 2023 2:25 PM IST
മംഗളൂരു: കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 150ല്‍ അധികം വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആശുപത്രിയില്‍. മംഗളൂരു ശക്തി നഗറിലെ സിറ്റി കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. ഇവരില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ഥികളാണ്.
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. മംഗളൂരുവിലെ ആറ് ആശുപത്രികളിലായാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. ഇവരില്‍ പലരുടെയും നില അല്പം ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
മൂന്ന് ലേഡീസ് ഹോസ്റ്റലിലെയും ഒരു മെന്‍സ് ഹോസ്റ്റലിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളജ് നടത്തുന്ന സ്വകാര്യ കാന്റീനില്‍നിന്നുള്ള ഭക്ഷണമാണ് ഹോസ്റ്റലില്‍ എത്തിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീരെ ശുചിയില്ലാത്ത ഭക്ഷണമാണ് ഇവിടെ നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗ്യാസ് ട്രബിള്‍ മാത്രമാണ് ഉള്ളതെന്നാണ് പല കുട്ടികളുടെയും മെഡിക്കല്‍ റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.