ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല
Wednesday, February 8, 2023 2:39 PM IST
ബംഗളൂരു: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല.
അദ്ദേഹത്തിന്റെ ന്യൂമോണിയ ബാധ പൂര്‍ണമായും ഭേദമായിട്ടില്ലെന്നും ആരോഗ്യസ്ഥിതി യാത്ര ചെയ്യാന്‍ പറ്റാവുന്ന വിധത്തിലായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതോടെയാണ് ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി സർക്കാർ ആറ് അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. തുടർ ചികിത്സകളും ബംഗളൂരുവിലേക്ക് മാറ്റുന്ന സമയവും മെഡിക്കൽ ബോർഡാകും തീരുമാനിക്കുക. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി ബംഗളൂരുവിലേക്ക് കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ. ഒൻപത് അംഗ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാരോടും ബന്ധുക്കളോടും സംസാരിച്ചുവെന്നും സന്ദർശിക്കുന്ന നേതാക്കളെ തിരിച്ചറിയുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഉമ്മൻ ചാണ്ടി സന്തോഷവാനായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ സന്ദർശിച്ച് മടങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി നേതാക്കൾ അദ്ദേഹത്തിന്റെ രോഗവിവരങ്ങൾ അറിയാൻ ആശുപത്രിയിൽ സന്ദർശിക്കുന്നുണ്ട്.