രക്ഷാപ്രവർത്തനം വൈകി: വിമർശനങ്ങൾ ശരിവച്ച് എർദോഗൻ
Wednesday, February 8, 2023 10:27 PM IST
അങ്കാറ: വൻനാശം വിതച്ച ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം വൈകിയെന്ന വിമർശനങ്ങൾ ശരിവച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. വലിയ ദുരന്തമാണ് ഉണ്ടായത്. ഇത്രയും വലിയ ദുരന്തത്തിന് മുൻകൂട്ടി തയാറാവുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തീർച്ചയായും, പോരായ്മകളുണ്ട്. എന്താണ് അവസ്ഥയെന്ന് വ്യക്തമാണ്. ഇതുപോലൊരു ദുരന്തത്തിന് തയാറാവുക സാധ്യമല്ല. സുരക്ഷാ സേന ദുരന്തഭൂമിയിൽ ഇല്ലെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണ്. ഈ സമയത്ത് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി നിഷേധാത്മക പ്രചാരണങ്ങൾ നടത്തുന്നവരെ കണക്കിലെടുക്കുന്നില്ലെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.
തുടക്കത്തിൽ വിമാനത്താവളങ്ങളിലും റോഡുകളിലും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. നാളെ അത് കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 9,057 ആയെന്നും പ്രസിഡന്റ് പറഞ്ഞു. ഭൂകമ്പം ഏറ്റവും കൂടുതൽ നാശംവിതച്ച ഹതായിയിൽ സന്ദർശനം നടത്തുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.