പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കാൻ ഹൈക്കോടതി അനുമതി
Friday, February 10, 2023 7:39 PM IST
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകളിലടക്കം കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഫെബ്രുവരി 15ന് ഉച്ചക്ക് 1.30ന് ഹൈക്കോടതിയിലാണ് പരിശോധന നടക്കുക.
കേസിൽ കക്ഷികളായ സ്ഥാനാർഥികൾക്കും അവരുടെ അഭിഭാഷകർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനും ഹൈക്കോടതി ജുഡീഷൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ പരിശോധന നടത്താനാണ് ജസ്റ്റീസ് എ. ബദറുദ്ദീൻ അനുമതി നൽകിയത്.
മുസ്ലിം ലീഗിലെ നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥി ഇടതുസ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാലറ്റ് പേപ്പറിലും മറ്റ് തെരഞ്ഞെടുപ്പ് രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു ആവശ്യം.