തുർക്കി ഭൂകമ്പം: കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
Saturday, February 11, 2023 6:21 PM IST
അങ്കാറ: തുർക്കിയിൽ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് പൗരി ഗർവാൾ സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്ത സ്ഥലത്തുനിന്നും അയച്ചുനൽകിയ ചിത്രം കണ്ട് വിജയ് കുമാറിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
വിജയ് കുമാറിന്റെ ഇടതുകൈയിൽ പച്ചകുത്തിയിരുന്നു. ഇതാണ് തിരിച്ചറിയാൻ സഹായിച്ചത്.
ശനിയാഴ്ച പുലർച്ചെ കിഴക്കൻ അനറ്റോലിയ മേഖലയിലെ മലത്യ നഗരത്തിലെ ബഹുനില ഹോട്ടൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിലാണ് മൃതദേഹം കണ്ടെത്തിയത്. 24 നിലകളുള്ള ഫോർ സ്റ്റാർ ഹോട്ടൽ പൂർണമായും തകർന്നിരുന്നു.
എൻജിനീയറായ വിജയ് കുമാർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ജനുവരി 23 നാണ് ഇവിടെ എത്തിയത്. ബംഗളൂരു ആസ്ഥാനമായുള്ള ഓക്സിപ്ലാന്റ്സ് ഇന്ത്യയിൽ ഗ്യാസ് പൈപ്പ് ലൈൻ ഇൻസ്റ്റാളേഷൻ എഞ്ചിനീയറായിരുന്നു വിജയ് കുമാർ.