ഉമ്മൻ ചാണ്ടി ആരോഗ്യവാനായി തിരിച്ചെത്തും; വിവാദങ്ങൾ അനാവശ്യമെന്ന് മുരളീധരൻ
Sunday, February 12, 2023 12:24 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തി വീണ്ടും പാർട്ടിയെ നയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചികിത്സാവിവാദങ്ങൾ അനാവശ്യമാണെന്നും ഉമ്മൻ ചാണ്ടിയുടെ കുടുംബം അദ്ദേഹത്തിന്റെ കൂടെയുണ്ടെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ എത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി സന്തോഷവാനാണ് എന്നും മുരളീ കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്.
ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മാറ്റുന്ന കാര്യം നേരത്തെ തീരുമാനിച്ചികുന്നു.
എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ.സി. വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.