ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; തത്ക്കാലം ആശുപത്രി വിടും
Friday, February 17, 2023 3:56 PM IST
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് തത്ക്കാലം ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രിയില്‍ വീണ്ടും അഡ്മിറ്റാകാനാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ തത്ക്കാലം ബംഗളൂരുവില്‍ തുടരുമെന്ന് കുടുംബം അറിയിച്ചു.
ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്ന ചിത്രം മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ആശുപത്രിയില്‍ നിന്ന് ഒരിടവേള എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ബംഗളൂരൂ എസ്പിജി ആശുപത്രിയിലെ ഡോ.യു.എസ്.വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, ന്യൂട്രീഷ്യനിസ്റ്റുകള്‍ എന്നിവര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധരും ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തില്‍ ഉണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റിയത്. ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് നിലവില്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കി വരുന്നത്.