പാലക്കാട്ട് ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ച സംഭവം: എസ്സി-എസ്ടി കമ്മീഷൻ കേസെടുത്തു
Saturday, February 25, 2023 8:08 PM IST
പാലക്കാട്: ഉള്‍ക്കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ എസ്സി-എസ്ടി കമ്മീഷൻ കേസെടുത്തു. ഊരിൽ ശുദ്ധജലം ഇല്ലാത്തതിനാൽ കാട്ടുചോല തേടി പോയ പാലക്കാട് തളികക്കല്ല് ആദിവാസി കോളനിയിലെ കണ്ണന്റെ ഭാര്യ സുജാത ഉൾക്കാട്ടിൽ പ്രസവിച്ചുവെന്നും 680 ഗ്രാം മാത്രം തൂക്കമുള്ള നവജാത ശിശു മരണപ്പെട്ടുവെന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
സംഭവത്തിൽ ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്കും, പാലക്കാട് ട്രൈബൽ ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് സുജാത ഉള്ക്കാട്ടില്വച്ച് പ്രസവിച്ചത്. മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാല്‍ കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.