തുർക്കി ഭൂകമ്പം; അറസ്റ്റ് നടത്തി മുഖം രക്ഷിക്കാൻ സർക്കാർ
Sunday, February 26, 2023 7:12 AM IST
ഇസ്താൻബൂൾ: 44,000-ത്തിലേറെ ആളുകൾ മരിച്ച തുർക്കി ഭൂകമ്പത്തിൽ, മുഖം രക്ഷിക്കൽ നടപടികളുമായി സർക്കാർ. ഭൂകമ്പ പ്രതിരോധ നിർമാണത്തിലെ വീഴ്ചകൾ വെളിച്ചത്ത് വന്നതോടെ വിഷയത്തിൽ സർക്കാർ അന്വേഷണം ഊർജിതമാക്കി.
ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ ഉടമകൾ, കരാറുകാർ, മാനേജർമാർ എന്നിവരുൾപ്പെടെ 612 ആളുകൾക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിൽ 184 പേരെ കസ്റ്റഡിയിലെടുത്തതായി നിയമ മന്ത്രി ബെക്കിർ ബോസ്ദാഗ് വ്യക്തമാക്കി.
ഗാസിയാന്റെപ് പ്രവിശ്യയിലെ നൂർദാഗി മേഖലയുടെ മേയറായ ഒക്കെസ് കവാക്കും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള നഗരത്തിലെ മേയറായ കവാക്ക്, ഭൂകമ്പ പ്രതിരോധ നിർമാണ പരിശോധനകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി.