സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള പ്രമേയം റദ്ദാക്കി ഗവർണർ
Monday, February 27, 2023 7:44 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസിനെ നിയന്ത്രിക്കാനായി സിൻഡിക്കേറ്റ് എടുത്ത തീരുമാനങ്ങൾക്ക് ചാൻസലർ കൂടിയായ ഗവർണർ അംഗീകാരം നല്കിയില്ല.
വൈസ് ചാൻസലറും സർക്കാരും തമ്മിലുള്ള പോരിന്റെ ഭാഗമായാണ് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് സർവകലാശാല ഭരണം സംബന്ധിച്ച് ഉപസമിതികൾ രൂപീകരിച്ചത്. എന്നാൽ ഈ ഉപസമിതി രൂപീകരണം സംബന്ധിച്ച് തന്റെ എതിർപ്പ് വൈസ് ചാൻസലർ ഡോ. സിസ തോമസ്, ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചിരുന്നു.
സർക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത തുടരുന്ന വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കുവാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വിസി സ്ഥലം മാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതി രൂപീകരിച്ചതും, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റ് അംഗീകാരത്തിന് റിപ്പോർട്ട് ചെയ്യണമെന്ന തീരുമാനവുമാണ് ഗവർണർ തടഞ്ഞത്.
സർവകലാശാല ചട്ടത്തിന് എതിരായ തീരുമാനം എന്ന നിലയിലാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഗവർണർ ഉത്തരവിട്ടത്.