പുതുജീവനിലേക്ക് ഉയർന്ന് "ഗംഗ': കുളത്തിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിക്ക് രക്ഷ പോളക്കൂട്ടം
Saturday, March 4, 2023 7:31 PM IST
ലക്നോ: കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട "ഗംഗ'യ്ക്ക് രക്ഷയായി പോളക്കൂട്ടം അണിനിരന്നപ്പോൾ പിറവി കൊണ്ടത് പുതുജീവൻ! ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്.
ഖതാവ ഗ്രാമത്തിലെ കുളത്തിൽ വ്യാഴാഴ്ചയാണ് രണ്ട് ദിവസം പ്രായമായ പെൺകുട്ടിയെ കണ്ടെത്തിയത്. കരയിൽ നിന്ന് 15 അടി ദൂരത്തുള്ള പോളക്കൂട്ടത്തിനിടെ കുരുങ്ങിനിൽക്കുകയായിരുന്നു കുട്ടി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുട്ടിയെ ആരോ കുളത്തിലേക്ക് എറിയുകയായിരുന്നു.
പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്ക് പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യപരിശോധനയിൽ വ്യക്തമായതായും കുട്ടിക്ക് ഗംഗ എന്ന് പേര് നൽകിയതായും അധികൃതർ അറിയിച്ചു. ഗംഗയുടെ ബന്ധുക്കൾക്ക് എത്തിച്ചേരാനായി 72 മണിക്കൂർ സാവകാശം നൽകുമെന്നും അവകാശികൾ എത്തിയില്ലെങ്കിൽ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.