സിസോദിയയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
Tuesday, March 7, 2023 4:31 PM IST
തിരുവനന്തപുരം: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് ഒഴിവാക്കാമായിരുന്നു എന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
സിസോദിയയുടെ അറസ്റ്റിനെതിരേ എട്ട് പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിസോദിയയുടെ അറസ്റ്റ്. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കത്തയച്ചതിന് പിന്നാലെ പിണറായിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നന്ദി അറിയിച്ചു. അനധികൃത അറസ്റ്റിനെതിരേ ശബ്ദമുയര്‍ത്തിയതിന് പിണറായി വിജയന് നന്ദി എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
കഴിഞ്ഞ ആഴ്ചയാണ് സിസോദിയയെ മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.