ത്രിപുരയിൽ വീണ്ടും സാഹ; സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി മോദി
Wednesday, March 8, 2023 6:22 PM IST
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ അധികാരമേറ്റു. അഗർത്തലയിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് സാഹ സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ സത്യദേവ് നരെയ്ൻ സാഹയ്ക്ക് സത്യവാചകം ചൊല്ലിനൽകി. സാഹയ്ക്കൊപ്പം എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഏഴ് ബിജെപി എംഎൽഎമാരും സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ ഏക എംഎല്‍എ ശുക്ലചരണ്‍ നോയാതിയയുമാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തത്.
കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്നലെയാണ് സാഹ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചത്. 2022 മാർച്ചിൽ ബിപ്ലബ് കുമാർ ദേബിന് പകരമാണ് സാഹയെ മുഖ്യമന്ത്രിയാക്കിയത്.
2016ൽ കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിലെത്തിയ നേതാവാണു സാഹ. ബിപ്ലബ് കുമാർ ദേബിന്റെ അനുയായികളായ എംഎൽഎമാരാണ് ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയർത്തിയത്. അറുപതംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുണ്ട്.