"കക്കുകളി' നാടകം സാംസ്കാരിക കേരളത്തിന് അപമാനം; നിരോധിക്കണമെന്ന് കെസിബിസി
Saturday, March 11, 2023 3:13 PM IST
തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ നല്കുന്ന "കക്കുകളി' എന്ന നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി). നാടകം സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് കെസിബിസി വ്യക്തമാക്കി.
കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങള്‍ ഏറ്റുപാടുന്ന നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാത്മകമാണ്. ഉപേക്ഷിക്കപ്പെട്ടവരെയും ദുര്‍ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങള്‍ക്കുളളത്.
ഇപ്പോഴും കേരളസമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാല് പരിരക്ഷിക്കപ്പെടുന്നുണ്ട്.
സന്യാസിനിമാരെ ഇകഴ്ത്തിക്കാണിക്കുന്ന ഈ നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അന്തര്‍ദേശീയ നാടക മേളയില്‍ ഉള്‍പ്പെടെ സ്ഥാനം ലഭിച്ചതിനെ കെസിബിസി അപലപിച്ചു.
കമ്യൂണിസ്റ്റ് സംഘടനകള്‍ ഈ നാടകത്തിന് വലിയ പ്രചാരം നല്‍കുന്നതിനെതിരെയും കെസിബിസി പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താന്‍ സാംസ്കാരിക സമൂഹം തയാറാകണമെന്നും കെസിബിസി വ്യക്തമാക്കി.