വിദേശവനിതയുടെ മകൻ; രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണം: പ്രഗ്യാ സിംഗ്
Sunday, March 12, 2023 11:34 AM IST
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും അത് ശരിയാണെന്ന് രാഹുൽ തെളിയിച്ചെന്നും പ്രഗ്യ സിംഗ് പറഞ്ഞു.
അടുത്തിടെ യുകെയിലെ കേംബ്രിജ് സര്‍വകലാശാലയില്‍ രാഹുൽ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പരാമര്‍ശം. ഈ രാജ്യത്തിന്റെ നേതാവാണ് രാഹുൽ. എന്നാൽ അദ്ദേഹം ജനങ്ങളെ അപമാനിക്കുകയാണ്. വിദേശത്തിരുന്ന് ഇന്ത്യയിലെ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് രാഹുൽ പറയുന്നു. ഇതിനേക്കാൾ അപമാനകരമായി മറ്റെന്തുണ്ടെന്നും പ്രഗ്യാ സിംഗ് കൂട്ടിച്ചേർത്തു.
മോദി സർക്കാർ പ്രതിപക്ഷത്തെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ആരോപിച്ചിരുന്നു. പാർലമെന്റിൽ സംസാരിക്കുമ്പോൾ പലപ്പോഴും പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.