ബംഗളൂരു: 120 മിനിറ്റുകൾ നീണ്ട ഐഎസ്എൽ സെമി പോരാട്ടത്തിനിടെ നിരവധി സേവുകൾ നടത്തിയ ഗോളിമാർക്ക് പെനൽറ്റി ഷൂട്ട്ഔട്ടിൽ പന്ത് തൊടാൻ സാധിക്കാതിരുന്നതോടെ നിർണായകമായത് ഗുർപ്രീത് സിംഗ് സന്ധുവിന്റെ ഒരൊറ്റ ടച്ച്! ഒമ്പത് ഷോട്ടുകൾ വരെ നീണ്ട ഷൂട്ട്ഔട്ടിൽ 9-8 എന്ന സ്കോറിന് ജയിച്ച ബംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സിയെ മറികടന്ന് ഐഎസ്എൽ ഫൈനലിൽ ഇടംനേടി.
നിശ്ചിത സമയത്ത് 2-1 എന്ന നിലയിൽ മുംബൈ ലീഡ് നേടിയെങ്കിലും, ആദ്യ പാദത്തിലെ ഒറ്റ ഗോൾ ലീഡിൽ ബിഎഫ്സി അഗ്രഗേറ്റ് സ്കോർ 2-2 എന്ന നിലയിൽ പിടിച്ചുനിർത്തുകയായിരുന്നു. ഇതോടെയാണ് ഐഎസ്എൽ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ അറിയാനായി ഷൂട്ട്ഔട്ട് വേണ്ടിവന്നത്.
സാധാരണ ഷൂട്ടഔട്ടുകളിൽ കാണുന്ന സമ്മർദമില്ലാതെ താരങ്ങൾ വല കുലുക്കിയതോടെ നിശ്ചിത അഞ്ച് കിക്കുകൾക്ക് ശേഷം സ്കോർ 5 -5 എന്ന നിലയിൽ. ഹാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ, അലന് കോസ്റ്റ, സുനിൽ ഛേത്രി, പാബ്ലോ പെരസ് എന്നിവർ ബിഎഫ്സിക്കായും ഗ്രെഗ് സ്റ്റുവർട്ട്, ഹോർഹെ പെരേര ഡിയസ്, ചാംഗ്തെ, അഹ്മദ് യാഹു, രാഹുൽ ഭേക്കെ എന്നിവർ ഐലൻഡേഴ്സിനായും വല കുലുക്കിയതോടെ ഗോളിമാരുടെ തല പെരുത്തു.
മുംബൈ ഗോളി പൂർബ ലച്ചെൻപയും ബിഎഫ്സി ഗോളി സന്ധുവും തുടർച്ചയായി തെറ്റായ വശത്തേക്ക് ചാടിയതോടെ പ്രഭീർ ദാസ്, രോഹിത് കുമാർ, സുരേഷ് വാംഗ്ചം,(ബിഎഫ്സി), വിക്രം സിംഗ്, മോർത്താദ ഫോൾ, വിതീത് റായ്(മുംബൈ) എന്നിവർ സ്കോർ "എട്ടാം സ്വർഗത്തി'ലെത്തിച്ചു.
മുംബൈയുടെ ഒമ്പതാം കിക്കെടുത്ത മെഹ്താബ് സിംഗിനായിരുന്നു മത്സരത്തിലെ ദുർവിധി. സിംഗിന്റെ ഷോട്ടിൽ സന്ധു നടത്തിയ ഒരൊറ്റ ടച്ചിൽ വലിഞ്ഞുനീണ്ട സഡൻ ഡെത്തിന്റെ ഗിയർ മാറി. ബിഎഫ്സിയുടെ സന്ദേശ് ജിങ്കന്റെ ഷോട്ട് വലയിലെത്തിയതോടെ മുംബൈയ്ക്ക് മോഹഭംഗം!
മത്സരത്തിന്റെ നിശ്ചിത സമയത്ത് ആവേശകരമായ പോരാട്ടമാണ് നടന്നത്. ഒമ്പതാം മിനിറ്റിൽ ഡിയസിനെ വീഴ്ത്തിയ ഗോളി സന്ധുവിന്റെ ഫൗളിന് റഫറി പെനൽറ്റി വിധിച്ചിരുന്നു. കിക്കെടുത്ത ഡിയസ് തൊടുത്ത ദുർബല ഷോട്ട് സന്ധു തടുത്തതോടെ ബിഎഫ്സിക്ക് ആശ്വാസം.
22-ാം മിനിറ്റിൽ ശിവശക്തി നാരായണൻ നൽകിയ ക്രോസിൽ നിന്ന് ഹെർണാണ്ടസ് തൊടുത്ത ഹെഡറിലൂടെ മുംബൈ ലീഡെടുത്ത് അഗ്രഗേറ്റ് സ്കോർ 2 -0 എന്ന നിലയിലാക്കി. 31-ാം മിനിറ്റിൽ റൗളിന് ബോർജസിന്റെ ഷോട്ട് സന്ധു രക്ഷപ്പെടുത്തിയെങ്കിലും ബിപിൻ സിംഗ് റീബൗണ്ട് ഒഴിഞ്ഞ പോസ്റ്റിലേക്ക് ചെത്തിയിട്ടു.
66-ാം മിനിറ്റിലെ കോർണർ കിക്കിന് ഉയർന്ന് ചാടിയ മെഹ്താബ് സിംഗ് മുംബൈയ്ക്ക് മത്സരത്തിൽ ലീഡും അഗ്രഗേറ്റിൽ സമനിലയും നൽകി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളിന് അടുത്തെത്തിയെങ്കിലും ഗോളിമാർ വിലങ്ങുതടി ആയതോടെ മത്സരം ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.