യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ
Tuesday, March 14, 2023 6:09 PM IST
ലക്നോ: മദ്യലഹരിയിൽ ട്രെയിൻ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബെഗുസാറായ് സ്വദേശിയായ മുന്ന കുമാർ ആണ് പിടിയിലായത്.
കോൽക്കത്തയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തുകയായിരുന്ന അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന വേളയിലാണ് കുമാർ അതിക്രമം നടത്തിയത്. ബിഹാറിൽ നിന്ന് അമൃത്സറിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലേക്ക് കുമാർ മൂത്രമൊഴിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തീവണ്ടി ലക്നോവിലെ ഛാർബാഗ് സ്റ്റേഷനിലെത്തിയ വേളയിൽ യുവതി റെയിൽവേ പോലീസിന് പരാതി നൽകി. ഇതേത്തുടർന്ന് കുമാറിനെ ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം നടക്കുന്ന വേളയിൽ കുമാർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും പരാതിയിന്മേൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.