കമ്മിൻസില്ല; ഏകദിനത്തിൽ ഓസീസിനെ നയിക്കാൻ സ്മിത്ത്
Tuesday, March 14, 2023 10:46 PM IST
മുംബൈ: ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ടീമിന്റെ സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിലാണ് സ്മിത്തിനെ തേടി നായകപദവി എത്തിയത്. ബോർഡർ - ഗവാസകർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന് മുമ്പായി കമ്മിൻസ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ശാരീരിക അസ്വസ്ഥതകൾ നേരിടുന്ന മാതാവിനെ പരിചരിക്കാനായി നാട്ടിലെത്തിയ കമ്മിൻസ്, മാതാവിന്റെ മരണത്തെത്തുടർന്ന് കുടുംബത്തോടൊപ്പം തുടരുകയാണ്.
കമ്മിൻസ് ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് തിരികെ എത്തില്ലെന്നും കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ടീം അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയാണെന്നും മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് അറിയിച്ചു.
ജോഷ് ഹെയ്സൽവുഡ്, ജൈ റിച്ചാർഡ്സൺ എന്നിവർക്കൊപ്പം കമ്മിൻസിനെയും നഷ്ടമായതോടെ ഓസീസ് പേസ് നിരയുടെ മൂർച്ച കുറഞ്ഞിരുന്നു. ഇവർക്ക് പകരമായി നേഥൻ എല്ലിസ്, ഷോൺ ആബട്ട് എന്നിവരെ ടീമിലുൾപ്പെടുത്തി. പരിക്കിൽ നിന്ന് മുക്തരായ ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ് എന്നിവരും ഓസീസ് നിരയിൽ ഇടംനേടിയിട്ടുണ്ട്.