മുഖ്യമന്ത്രി സോണ്ട കമ്പനിയുടെ ഗോഡ്ഫാദറെന്ന് ടോണി ചമ്മണി
Wednesday, March 15, 2023 10:25 PM IST
കൊച്ചി: കേരളത്തിലെ എട്ട് കേന്ദ്രങ്ങളില്‍ ഖരമാലിന്യ സംസ്കരണത്തിന് വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ടെൻഡര്‍ വിളിച്ച വേളയിൽ സോണ്ട കമ്പനിക്കുവേണ്ടി കരാര്‍ വ്യവസ്ഥകളില്‍ സർക്കാർ മാറ്റം വരുത്തിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി.
സോണ്ട കമ്പനിയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ സോണ്ട കമ്പനിക്ക് ടെൻഡര്‍ ലഭിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോണ്ട കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. കരാര്‍ ലഭിക്കും മുന്‍പ് 2019 മേയ് എട്ട് മുതല്‍ 12 വരെ നെതര്‍ലന്‍ഡ്സില്‍ വച്ച് സോണ്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും ടോണി ചമ്മണി ആരോപിച്ചു. സോണ്ട പ്രതിനിധികളുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രങ്ങളും ചമ്മണി പുറത്തുവിട്ടു.